നടുവിൽ: പാലക്കയംതട്ടിൽ നിർമാണം നടത്തിവരുന്ന സ്വകാര്യ റിസോർട്ടിൽ ക്രമവിരുദ്ധമായ നിർമാണ പ്രവൃത്തികൾ നടക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് കണ്ണൂർ ജില്ലാ പരിസ്ഥിതി സമിതി അംഗങ്ങൾ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ക്രമവിരുദ്ധമായ നിർമാണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സജീവ് ജോസഫ് എംഎൽഎ നൽകിയ പരാതിയെ തുടർന്ന് ജില്ലാ കളക്ടർ ഇവിടെയുള്ള എല്ലാ നിർമാണ പ്രവൃത്തികളും നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു.
ഇന്നലെ സ്ഥലം സന്ദർശിച്ച ജില്ലാ പരിസ്ഥിതി സമിതി അംഗങ്ങൾ പരിശോധിക്കുകയും പാലക്കയം തട്ടിന്റെ സ്വാഭാവിക ഭൂപ്രകൃതിയെയും ദൃശ്യഭംഗിയെയും വ്യൂ പോയിന്റിനെയും മറയ്ക്കുന്ന രീതിയിലാണ് നിർമാണം നടത്തിയതെന്ന് വിലയിരുത്തി.
ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ളവ നേരിടുന്ന പ്രദേശത്ത് നടക്കുന്ന നിർമാണ പ്രവൃത്തികൾ സ്ഥലത്തിന്റെ താഴ്ഭാഗത്ത് താമസിച്ചുവരുന്നവരുടെ സുരക്ഷയ്ക്ക് ഭീഷണയാകുന്നതായും പരിസ്ഥിതി സമിതി വിലയിരുത്തി. കണ്ണൂർ ജില്ലാ പരിസ്ഥിതി സമിതി അംഗങ്ങളായ വിനോദ് പയ്യട, സി. വിശാലാക്ഷൻ, വി. ദേവദാസ്, രാജൻ കോരമ്പേത്ത് എന്നിവരാണ് പരിശോധന നടത്തിയത്.